Friday, February 10, 2012

37 ശ്രീനാരായണ ഗുരു

കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനപ്രിയ മുഖമായി വിശേഷിപ്പിക്കാവുന്ന ശ്രീ നാരായണ ഗുരുവെക്കുറിച്ചാണ് കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 ആം അദ്ധ്യായം പ്രതിപാദിക്കുന്നത്. ഇന്ത്യയൊട്ടുക്ക് സഹ്സ്രാബ്ദങ്ങളോളം ബ്രാഹ്മണ്യം പരത്തിയ ജാതി വിഷ സവര്‍ണ്ണരോഗത്തിന്റെ തിക്തഫലങ്ങളില്‍ നിന്നും രക്ഷനേടാനായി ഉയിരെടുത്ത സാംസ്ക്കാരിക മുന്നേറ്റത്തിന്റെ എതിര്‍ക്കാനാകാത്ത നേതൃത്വമായിരുന്നു ശ്രീ നാരായണ ഗുരുവെന്ന ഹൈന്ദവ സന്യാസിയില്‍ കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശില്‍പ്പിയായ ഡോക്റ്റര്‍ പല്‍പ്പു കണ്ടെത്തിയത്.

ശ്രീ നാരായണ ഗുരുവിന് സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കള്ള ചരിത്രങ്ങളുടേയും, മയക്കുമരുന്ന് പോലുള്ള വൈദികസാഹിത്യപാണ്ഢിത്യപശയില്‍ നിന്നും പുറത്തുകടക്കാനുള്ള ചരിത്രാവഗാഹം അന്നു ലഭ്യമല്ലായിരുന്നെങ്കിലും തന്റെ കണ്മുന്നില്‍ നടമാടിക്കൊണ്ടിരിക്കുന്ന മനുഷ്യത്വഹീനമായ സവര്‍ണ്ണജാതിയതയുടെ ക്രൂര താണ്ഡവത്തിനെതിരെ നന്മയുടേയും മാനവിക സ്നേഹത്തിന്റേയും പ്രകാശം ചൊരിയാനായി. കേരളത്തിലെ അവര്‍ണ്ണര്‍ക്ക് സര്‍വ്വാദരണീയമായ മാനവിക സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പൈതൃകമുണ്ടെന്ന സത്യമാണ് ശ്രീ നാരായണ ഗുരു തന്റെ ജീവിതത്തിലൂടെ ലോകത്തോട് സൌമ്യമായി പ്രഖ്യാപിച്ചത്.
അതിന്റെ ഫലമായുണ്ടായ സാംസ്ക്കാരിക ഉണര്‍വ്വ് കേരളത്തിലെ അവര്‍ണ്ണരില്‍ മാത്രമല്ലാ, സവര്‍ണ്ണരിലും കൃസ്ത്യന്‍ മുസ്ലിം മതസ്തരായ ജനങ്ങളിലും വരെ ക്രിയാത്മകവും മതേതരവുമായ മാനവികബോധത്തിന്റെ വിശാല ചക്രവാളം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്നു പറയണം.

ജനാധിപത്യഭരണത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തില്‍ സവര്‍ണ്ണ ഹൈന്ദവ വര്‍ഗ്ഗീയ പാര്‍ട്ടിയുടെ താമര വിരിയാതിരിക്കാന്‍ കാരണമായി നില്‍ക്കുന്ന ഘടകം കേരളത്തിലെ ജാതിരഹിത/അവര്‍ണ്ണ സമൂഹത്തിന് ശ്രീ നാരായണ ഗുരുവിനെ മുന്‍‌നിര്‍ത്തിയുണ്ടായ സാംസ്ക്കാരിക ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പ്രബുദ്ധതയാണെന്നു കാണാം. എന്നാല്‍, അവര്‍ണ്ണരുടെ രാഷ്ട്രീയ-സാംസ്ക്കാരിക ദിശാബോധമായി നിന്ന ശ്രീ നാരായണ പ്രസ്ഥാനവും, ഇടതുപക്ഷ കക്ഷികളും നിരന്തരമാ‍യ സവര്‍ണ്ണ ഹൈന്ദവ പ്രലോപനങ്ങള്‍ക്കുമുന്നില്‍ അടിയറവു പറഞ്ഞു തുടങ്ങിയ ഇക്കാലത്ത് ഹിന്ദുമതത്തിന്റെ നുകങ്ങളിലേക്ക് അവര്‍ണ്ണര്‍ വലിയൊരു ഒഴുക്കായി നീങ്ങിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഈ ഒഴുക്കിനെ വര്‍ത്തമാനകാലത്തെ സംമ്പന്ധിച്ച് പഴഞ്ചനായ ശ്രീനാരായണ സൂക്തങ്ങള്‍കൊണ്ട് തടഞ്ഞു നിര്‍ത്താനാകില്ല.

അവര്‍ണ്ണര്‍ എന്തുകൊണ്ടാണ് അരനൂറ്റാണ്ടു മുന്‍പുവരെ ഹിന്ദുക്കളല്ലാതെ നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നത് എന്ന് ചരിത്രവസ്തുതകളുടെ തെളിവോടെ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലൂടെയാകണം നമ്മുടെ സമൂഹത്തെ ശ്രീ നാരായണ ഗുരു പറഞ്ഞ് അവസാനിപ്പിച്ച സ്ഥലത്തുനിന്നും മുന്നോട്ട് നയിക്കേണ്ടത്. അവര്‍ണ്ണ ഹിന്ദുക്കള്‍ മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങളും കൃസ്ത്യാനികളും മഹനീയമായ അവര്‍ണ്ണ ബൌദ്ധ പൈതൃകമുള്ളവരും,ബ്രാഹ്മണരുടെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ ദ്രോഹം സഹിക്കവയ്യാതെ അന്യമതങ്ങള്‍ സ്വീകരിച്ചവരുമാണെന്ന സത്യം സാമൂഹ്യ ബോധമായി സ്ഥാപിതമാകാതെ ഹിന്ദുമതത്തിന്റെ പാപപങ്കിലമായ ചളിക്കുളത്തില്‍ നിന്നും നമ്മുടെ സമൂഹത്തിനു മോചനം ലഭിക്കില്ല.

കെ.ജി.നാരായണന്റെ കേരള ചരിത്ര പുസ്തകത്തിലെ 37 അദ്ധ്യായം പൂര്‍ണ്ണമായി സ്കാന്‍ ചെയ്ത് സത്യങ്ങളുടെ ശവപ്പറമ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. ആ പേജുകള്‍ വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കില്‍ ക്ലിക്കുക: Sree Narayana guru chapter 37

No comments: