Sunday, July 27, 2014

നായന്മാരുടെ പ്രതികാരവും ചുടുവീടന്മാരും !

ബ്രാഹ്മണര്‍ നല്‍കിയ 1200 കൊല്ലക്കാലത്തെ തന്തയില്ലായ്മയുടെ പൈതൃകവും, ശൂദ്രരാണെന്ന അടിമത്വ ബോധവും തങ്ങളുടെ ഭാഗ്യമാണെന്ന് വിശ്വസിക്കാന്‍ നായന്മാര്‍ക്ക് തങ്ങളുടെ കാല്‍ചുവട്ടിലും ഭാഗ്യഹീനരായ മനുഷ്യരുണ്ടെന്ന് തെളിവു നല്‍കേണ്ട ബാധ്യത സവര്‍ണ്ണ ഹിന്ദുമതത്തിന്റെ അവതാരകരും ഗുണഭോക്താക്കളുമായ ബ്രാഹ്മണര്‍ക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് ഈഴവരുടെ (ബൌദ്ധരുടെ)  തലയറുത്ത് നായര്‍ സ്ത്രീകളെക്കൊണ്ട് ഉരലിലിട്ട് ഇടിച്ച് കാളി ദേവിക്ക് നിവേദ്യമാക്കിയിരുന്ന “പൊങ്ങിലിടി” പോലുള്ള അനുഷ്ടാനങ്ങള്‍ നിലവില്‍ വന്നതെന്ന് പറയാം. അതുപോലെ, നീചമായ മറ്റൊരു കൊടിയ ദ്രോഹമായിരുന്നു- “ചുടുവീടന്മാരെ” സൃഷ്ടിക്കുന്ന ഏര്‍പ്പാട്.

ഈഴവര്‍/ തിയ്യര്‍/ബൌധ്ദര്‍

പൊതുവെ, കൃത്യമായ ഒരു കുലത്തൊഴില്‍ ഇല്ലാത്തതും ഒരു ജാതിയാണെന്ന് വിശേഷിപ്പിക്കാനാകാത്തതുമായ ജനവിഭാഗമായിരുന്നു ഈഴവര്‍/ തിയ്യര്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നവര്‍. ദീപില്‍ നിന്നും വന്ന് തദ്ദേശവാസികളുമായി ഇണങ്ങി ചേര്‍ന്നവരെന്നോ, അശോക ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശാനുസരണം ബുദ്ധമത തത്വങ്ങള്‍ പ്രചരിപ്പിക്കാനും; കൃഷി, ആയുര്‍വേദം, എഴുത്തു വിദ്യ (ഈഴത്തു വിദ്യ), ജ്യോതിശാസ്ത്രം, ആയോധന കലയായ കളരി, വാസ്തുവിദ്യ, ലോഹ ശാസ്ത്രം എന്നിത്യാദിയുള്ള അറിവുകള്‍ സമൂഹത്തിനു മിഷണറി പ്രവര്‍ത്തനത്തിലൂടെ പകര്‍ന്നു നല്‍കാനും ശ്രീലങ്ക വഴി കേരളത്തിലെത്തി, തദ്ദേശവാസികളുമായി സങ്കരപ്പെട്ട ഒരു സമൂഹമായെ ഈഴവരെ കാണേണ്ടതുള്ളു. എന്തായാലും പണ്ടുകാലത്ത് അതൊരു ജാതിപ്പേരായിരുന്നില്ല. സമൂഹത്തിനാവശ്യമായ എല്ലാ ശാസ്ത്ര സാങ്കേതിക വിദ്യകളിലും, കരകൌശലങ്ങളിലും നിപുണരായ കേരളത്തിലെ ആദ്യ മിഷണറി സംഘമായി ഈഴവരെ കാണാം.

ഇന്നു കാണപ്പെടുന്ന സകല അവര്‍ണ്ണ ജാതിപ്പേരുകളും എട്ടാം നൂറ്റാണ്ടിനു ശേഷം ബ്രാഹ്മണരുടേയും അവരുടെ ഗുണ്ടകളായ ശൂദ്രന്മാരുടേയും(നായന്മാര്‍) നിരന്തരമായ സമ്മര്‍ദ്ദത്താലും ഇടപെടലുകളിലൂടെയും നിലവില്‍ വന്ന  ഭ്രാന്താലയ നിര്‍മ്മിതിയുടെ പരിണത ഫലമാണ്. ആശാരി, തട്ടാന്‍, മൂശാരി, കരുവാന്‍, കല്ലും മൂപ്പന്‍ തുടങ്ങിയ (സാങ്കേതിക വിദഗ്ദരുടെ ആചാര്യ പദവിയുണ്ടായിരുന്ന) ബൌദ്ധ ആര്‍ക്കിടെക്റ്റുകളും, എഞ്ചിനീയര്‍മാരുമായിരുന്നവരെ  വെറും കൈത്തൊഴിലുകാരായി അഞ്ചു ജാതിപ്പേരുകളില്‍ ബ്രാഹ്മണരാല്‍ തളക്കപ്പെട്ടപ്പോള്‍ ഈഴവര്‍ക്കിടയിലെ ഈ സാങ്കേതിക വിദഗ്ദര്‍ ബ്രാഹ്മണരുടെ അടിമത്വത്തിനു കീഴില്‍ വിശ്വകര്‍മ്മജരായി അടയാളപ്പെടുത്തപ്പെട്ടു. തങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ വിശ്വകര്‍മ്മാവ് എന്ന ദൈവത്തിന്റെ പിന്മുറക്കാരായി വിശേഷിപ്പിച്ച് അവരുടെ തൊഴില്‍ശേഷിയെ ചൂഷണം ചെയ്യാനും, ആവശ്യം കഴിഞ്ഞാല്‍ അവര്‍ണ്ണര്‍(ഈഴവര്‍) എന്നാക്ഷേപിച്ച് ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കാനും ബ്രാഹ്മണര്‍ക്കുംശൂദ്രര്‍ക്കും കൂടുതല്‍ ചിന്തിക്കേണ്ട കാര്യമില്ലയിരുന്നു. അതുപോലെ, അവര്‍ണ്ണരിലെ വാണിയര്‍ (ചക്കാലര്‍) എണ്ണയാട്ടുന്ന സാംങ്കേതിക വിദ്യ അറിയുന്നവരായതിനാലും, എണ്ണ നിത്യജീവിതത്തില്‍ അനിവാര്യമായ വസ്തുവായതിനാലും വാണിയര്‍ ചിലര്‍ക്കെങ്കിലും സാധാരണയിലും താഴ്ന്ന വാണിയനായരായിരുന്നു. മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കാനുള്ള അറിവും, യന്ത്രങ്ങളുമായി  അവര്‍ണ്ണരുടെ (ബൌദ്ധരുടെ) കൂടെ നടന്നവര്‍ കുശവന്മാര്‍ എന്ന പേരിലും, അവരിലെ ബ്രാഹ്മണ പക്ഷം ചേര്‍ന്നവര്‍ വളരെ താഴ്ന്ന അന്തൂറു നായരുമായി.നാവിക വൈടഗ്ദ്യമുള്ളവര്‍ തന്നെ ആയിരിക്കുമല്ലോ പിന്നീട് അരയരും മുക്കുവരുമായി തീര്‍ന്നത്. ഈഴവരിലെ  കൊട്ടാരം വൈദ്യന്മാര്‍ ഏറെയും ഈഴവര്‍ ( ബൌദ്ധരായ അവര്‍ണ്ണര്‍ എന്നേ അര്‍ഥാമാക്കേണ്ടതുള്ളു) തന്നെയായിരുന്നതിനാല്‍ വൈദ്യന്മാരുടെ മേക്കിട്ടു കേറ്റം കുറവായിരുന്നു.  ബ്രാഹ്മണര്‍ക്ക് ചികിത്സ ആവശ്യം വന്നാലും ഈഴവ ആയുര്‍വേദ വൈദ്യന്മാര്‍ തന്നെ വേണമായിരുന്നു. കോട്ടക്കലെ വാര്യന്മാരും, മൂസതുമാരും സവര്‍ണ്ണ ഗ്ലാമറുള്ള ആയുര്‍വേദത്തിന്റെ തറവാട്ടു പടിക്കലെത്തുന്നത് അടുത്തകാലത്തായിരിക്കണം. ചേരമാന്‍ പെരുമാളുടെ സൈനിക രക്ഷാധികാരിയായി നിലകൊണ്ട പുത്തൂരാം വീട്ടിലെ തിയ്യ ചേകോന്മാരും, പട്ടാളക്കാരില്ലാത്ത പന്തളം രാജാവിനു കളരിയുടെ സംരക്ഷണം നല്‍കിയിരുന്ന ചേറപ്പന്‍ ചിറ തറവാട്ടിലെ ഈഴവ തറവാട്ടുകാരും നായന്മാര്‍ വെറും കുന്തവും പിടിച്ച് ആദിവാസികളെപ്പോലെ ബ്രാഹ്മണ ഭൃത്യരായി ഓടി നടക്കുന്ന കാലത്തായിരിക്കണം.
വെള്ളക്കാരു വന്നതോടെ തങ്ങളുടെ അടിമത്വത്തിലും, നിരക്ഷരാവസ്ഥയിലും, തന്തയേതെന്നറിയാത്ത പൈതൃകത്തിലും കുറച്ചെങ്കിലും നാണം തോന്നിത്തുടങ്ങിയ നായന്മാര്‍ക്ക് (ശൂദ്രര്‍ക്ക്) പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ തങ്ങളെക്കാള്‍ സാംസ്ക്കാരികമായും സാമൂഹ്യമായും ഉയര്‍ന്നു നില്‍ക്കുന്ന ഈഴവരുടെ തല വെട്ടാന്‍ പ്രത്യേക അവകാശാധികാരങ്ങളുള്ള പട്ടാളക്കാരുടേയും ആദിവാസി രാജാക്കന്മാരുടേയും വംശമാണ് തങ്ങളെന്ന് ദുരഭിമാനം കൊള്ളാതെ കഴിയുമായിരുന്നില്ല. മാത്രമല്ല, ഈഴവര്‍ വെറുക്കപ്പെടേണ്ടതും, കൊല്ലപ്പെടാന്‍ അര്‍ഹതയുള്ളവരുമായ ഒരു അധമ ജാതിയാണെന്നു സ്ഥാപിക്കാതെ നായന്മാരുടെ അപകര്‍ഷത പരിഹരിക്കാനാകില്ലെന്ന് ശൂദ്രന്മാരുടെ ഉടമകളായിരുന്ന ബ്രാഹ്മണര്‍ക്കും ബോധ്യമായിരിക്കണം. അതിനായി, സവര്‍ണ്ണ ഹിന്ദുമതം കണ്ടെത്തിയ ഒരു ന്യായീകരണമാണ് ഈഴവരുടെ കുലത്തൊഴിലായി മദ്യ നിര്‍മ്മാണമാണെന്ന് സ്ഥാപിക്കല്‍. മുകളില്‍ പറഞ്ഞ എല്ലാ കുലത്തൊഴിലും ഒഴിവാക്കി, തെങ്ങില്‍ കേറാനറിയാത്തവനേയും, ആയുര്‍വേദ വിധിപ്രകാരം രസായനം പോലെ മദ്യം നിര്‍മ്മിക്കാനറിയാത്തവനേയും കള്ളുചെത്ത് കുലത്തൊഴിലാക്കിയ്‌വരെന്ന് ലേബലടിച്ച് നികൃഷ്ട ജനവിഭാഗമാക്കാന്‍  നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് “ചുടുവീടന്മാര്‍” എന്ന ഹതഭാഗ്യര്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടി നടക്കേണ്ടി വന്നത്. അക്കാലത്ത് മദ്യത്തെ നിഷിദ്ധമെന്ന് കരുതിയിരുന്ന ഈഴവരെക്കോണ്ട് തന്നെ മദ്യം ഉത്പാദിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ ബൌദ്ധരെ സ്വയം അധമാരെന്നു ബോധ്യപ്പെടുത്താനുള്ള കുറുക്കുവഴി ബ്രാഹ്മണ സവര്‍ണ്ണമതം കണ്ടെത്തി എന്ന് പറയാം. കേരളത്തിലെ ബുദ്ധമതത്തെ കൊള്ളയടിച്ചും പിടിച്ച്ചുപരിച്ച്ചും,തലവെട്ടിയും പുറത്തു നിന്നും നശിപ്പിക്കുന്നതിനോടോപ്പം സാംസ്ക്കാരികമായി ആത്മാഭിമാനം തകര്‍ത്തുകൊണ്ടും തകര്‍ക്കുന്നതായിരുന്നു ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ കുലത്തൊഴില്‍ ലേബലടിക്കല്‍ ശ്രമങ്ങള്‍.

“ചുടുവീടന്മാര്‍” 

 “ചുടുവീടന്മാര്‍” രസിക ശിരോമണികളായ ബ്രാഹ്മണരുടെ അത്താഴത്തിനു ശേഷമുള്ള ഒരു വിനോദമായും നായന്മാരുടെ പ്രതികാരദാഹത്തിന്റെ ഫലമായും സൃഷ്ടിക്കപ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്. നായന്മാര്‍ ധനിക-ദരിദ്രഭേദമില്ലാതെ ആചരിക്കപ്പെട്ടിരുന്ന ഒരു ചടങ്ങായിരുന്നു “മച്ചുകര്‍മ്മം”. പുനീശ്വരി പൂജ(ഭുവനീശ്വരി പൂജ എന്നു ബ്രാഹ്മണ ഭാഷ്യം.) എന്ന പേരിലും ഇതറിയപ്പെട്ടു. വീടിന്റെ പടിഞ്ഞാറ്റയില്‍, നടുവിലെ പ്രധാന മുറിക്കാണു മച്ച് എന്നു പറയുന്നത്. നായന്മാരുടെ രക്തദാഹികളായ സകല ദൈവങ്ങളുടേയും ഇരിപ്പിടം ഈ മച്ചിലാണത്രേ ! ഈ കാളീ പൂജക്ക് കള്ളും കോഴിയും പ്രധാന നിവേദ്യങ്ങളായി നിശ്ചയിച്ചത് ബ്രാഹ്മണരല്ലാത്തെ മറ്റാരുമാകാനിടയില്ലല്ലോ. കാരണം, നായര്‍ കള്ളു ചെട്ടുക പോയിട്ട് തെങ്ങില്‍ കയറാന്‍ ശ്രമിക്കുന്നതുപോലും നിന്ദ്യമെന്നു കരുതുന്ന കാലത്ത്, മച്ചു കര്‍മ്മത്തിനു പുലിപ്പാലുപോലെ പ്രയാസകരമായ കള്ള് എല്ലാ നായര്‍ വീടുകളിലും അനിവാര്യമാകുന്നത് ഈഴവ(ബൌദ്ധ) വംശഹത്യ ലക്ഷ്യം വെക്കുന്നതല്ലെന്നു പറയാനാകില്ലല്ലോ. അക്കാലത്ത്, “വേട്ടുവരെന്ന” ആദിമവാസി വിഭാഗമാണ് തെങ്ങില്‍ കേറ്റവും മറ്റും നടത്തുന്നത്. പക്ഷേ, മച്ചില്‍ വച്ചൂകൊടുക്കുന്നതിനുള്ള നിവേദ്യമായ കള്ള് നായര്‍ വീടുകളില്‍ എത്തിക്കേണ്ട ചുമതല തലപോകുന്ന ആജ്ഞയായി ലഭിക്കുന്നത് സ്ഥലത്തെ കുറച്ചു മെച്ചപ്പെട്ട ഈഴവ(ബൌദ്ധ) കുടുമ്പത്തിനു മാത്രമായിരിക്കും. ഇവരുടെ ആജ്ഞ നിറവേറ്റാന്‍ കഴിയാത്ത ഈഴവ കുടുംബത്തിന്റെ വീടു കത്തിക്കുക എന്നതാണു നായന്മാര്‍ അക്കാലത്തു ചെയ്തിരുന്ന പ്രതികാര നടപടി. അങ്ങനെ, വീട് കത്തിക്കപ്പെട്ട്, ആ നാട്ടില്‍ നിന്നും ജീവന്‍ രക്ഷിക്കാനായി ഓടി രക്ഷപ്പെട്ടിരുന്ന ഹതഭാഗ്യരായ ഈഴവരെ വിശേഷിപ്പിച്ചിരുന്ന പേരാണു “ചുടുവീടന്മാര്‍” എന്ന്. ചില സ്ഥലങ്ങളില്‍ ഇവരെ “ചുടുകുടിക്കാര്‍” “കുടിലോടികള്‍” എന്നീ പേരുകളും വിളിച്ചിരുന്നു എന്നാണു കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നായന്മാരുടെ പൂര്‍വ്വ ചരിത്രം എന്ന പുസ്തകത്തിന്റെ രണ്ടാഭാഗത്തില്‍ പ്രതികാരം എന്ന അദ്ധ്യായത്തില്‍ പറയുന്നത്. കേരളത്തിന്റെ സത്യസന്ധമായ സാമൂഹ്യ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന ചുടുവീടന്മാരെക്കുറിച്ച് സൂചന നല്‍കുന്ന കാണിപ്പയ്യൂരിന്റെ കൃതിയിലെ ചില പേജുകള്‍ തെളിവായി ഇവിടെ സൂക്ഷിക്കുന്നു.

Saturday, July 5, 2014

“പൊങ്ങിലിടിയും” ഈഴവ തലകളും

 ഇളനീര്‍ തേങ്ങ മനുഷ്യ തലയോടിന്റെ ആകൃതിയില്‍ വിദഗ്ദമായി ചെത്തിയെടുത്ത്, മന്ത്രവാദികള്‍ (ബ്രാഹ്മണര്‍) രക്തവര്‍ണ്ണത്തിനായി ഉപയോഗിക്കുന്ന “ഗുരുതി” ചേര്‍ത്ത് ഉരലിലിട്ട് ഇടിച്ചു ചതക്കുന്നതും, കേരളത്തിലെ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ അടുത്തകാലം വരെ നിലനിന്നിരുന്നതുമായ  ഒരു ദുരാചാരത്തിന്റെ  പേരാണ് “പൊങ്ങിലിടി”. ദേശഭേദമനുസരിച്ച് ചിലയിടങ്ങളില്‍ “കൊങ്ങിലിടി” എന്നും ഈ വഴിപാട് അറിയപ്പെടുന്നു. കാളീക്ഷേത്ര മുറ്റത്ത് രാത്രിനേരത്താണ് ഈ ചടങ്ങു നടത്തുക. കുട്ടികളേയും പ്രായമായ സ്ത്രീകളേയും ഈ ചടങ്ങു നടക്കുമ്പോള്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ല. മനുഷ്യ ശിരസ്സിന്റെ പ്രതീകമായാണ് ഇളനീര്‍ തേങ്ങ കണക്കാക്കപ്പെടുന്നത്. ഗുരുതി മനുഷ്യ രക്തത്തിന്റെ പ്രതീകവും. ഉരലില്‍ തലയോട്ടിയുടെ ആകൃതിയില്‍ ചെത്തിയ ഇളനീര്‍ തേങ്ങയും ഗുരുതിയുമൊഴിച്ച് ഉലക്കകൊണ്ട് ഇടിച്ചു ചതക്കുമ്പോള്‍  രക്തവര്‍ണ്ണമുള്ള ഗുരുതി ഇടിക്കുന്ന സ്ത്രീയുടെയും ചുറ്റും കൂടിനില്‍ക്കുന്നവരുടെയും ശരീരത്തിലും വസ്ത്രത്തിലും ചീറ്റി തെറിക്കുന്നത് ഭക്തര്‍ പുണ്ണ്യമായി കരുതുന്നു.

“കണ്ടപുരന്‍ തലതുണ്ടമിടുന്നവള്‍
ചാമുണ്ഡി എന്നുള്ള നാമം ധരിപ്പവള്‍
കുണ്ഡലം കാതിന്നു വാരണം പൂണ്ടവള്‍
കൂളി പെരുമ്പട ചൂഴത്തടുപ്പവള്‍”

എന്ന മന്ത്രം ഉച്ചരിച്ചുകൊണ്ടാണ് പൊങ്ങിലിടി നടത്തുക. നായര്‍ സ്ത്രീകള്‍ മാത്രമാണ് ഈ ഭീഭത്സമായ ചടങ്ങില്‍ പങ്കെടുക്കുക. സ്വന്തം വീട്ടില്‍ നിന്നും ഇതിനായി ഉരലും ഉലക്കയുമായി ക്ഷേത്രത്തിലെത്തുന്ന നായര്‍ സ്ത്രീകള്‍ക്ക്  തലയോട്ടി പോലെ ചെത്തിയെടുത്ത തേങ്ങയും, ഗുരുതിയും ക്ഷേത്രത്തില്‍ നിന്നും നല്‍കും. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കുട്ടിക്കാലത്ത് മണ്ഡലകാല അവസാന ദിവസം കുന്നംകുളത്തിനടുത്ത് “മങ്ങാട്” ഭദ്രകാളീ ക്ഷേത്രത്തില്‍ ഏകദേശം 45 ഓളം നായര്‍ സ്ത്രീകള്‍ ഉരലുമായി ക്ഷേത്രത്തിലെത്തി “പൊങ്ങിലിടി” നടത്തിയിരുന്നതായി “നായന്മാരുടെ പൂര്‍വ്വ ചരിത്രം” എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കുന്നംകുളം പ്രദേശത്തുതന്നെയുള്ള ചിറക്കല്‍ എന്ന ഭദ്രകാളി ക്ഷേത്രത്തിലും ഇതുപോലെ “പൊങ്ങിലിടി” നടന്നിരുന്നതായും അദ്ധേഹം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

നായന്മാര്‍ വളരെ പ്രാകൃതരായിരുന്നെന്നും, ബ്രാഹ്മണ സംസര്‍ഗ്ഗത്താലാണ് നായന്മാര്‍ കുറച്ചെങ്കിലും പരിഷ്കൃതരായതെന്നും സ്ഥാപിക്കാനാണ് ഗ്രന്ഥകാരനായ  കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ആഗ്രഹിച്ചതെങ്കിലും, പൊതുസമൂഹത്തില്‍ നിന്നും മറച്ചുവക്കപ്പെട്ട ചില സത്യങ്ങള്‍ പുറത്തുവരാന്‍ അദ്ദേഹത്തിന്റെ പരാമര്‍ശം ഇടം നല്‍കുന്നുണ്ട്. നായന്മാര്‍ മോശക്കാരായിരുന്നില്ല. മഹാബലിയെപ്പോലുള്ള നന്മനിറഞ്ഞ ഭരണാധികാരികളുടെ (ചേരമാന്മാരുടെ) മഹത്തായ ചരിത്രമുള്ള ചേരമക്കളിലെ ഒരു വിഭാഗത്തെ നരാധമരായ നായന്മാരാക്കി മാറ്റിയത് രക്തദാഹികളായിരുന്ന പരശുരാമനെപ്പോലുള്ള ബ്രാഹ്മണ്യ വംശീയതയുടെ ബുദ്ധമത വിദ്ധ്വേഷവും കുടില ബുദ്ധിയുമാകാനെ തരമുള്ളു. നായര്‍ സമൂഹത്തെ ഈ വിധം സാംസ്ക്കാരികമായി നായ്ക്കോലമാക്കിയതും അവരെക്കൊണ്ട് നരാധമമായ ഗുണ്ടായിസം രാജഭരണമായി ആടി അഭിനയിപ്പിച്ചതും അതിന്റെ ഗുണഭോക്താക്കളായിരുന്ന ബ്രാഹ്മണ്യം തന്നെയായിരുന്നുവല്ലോ.

സത്യത്തില്‍ ഇതു വളരെ വിലപ്പെട്ട ഒരു ചരിത്ര രേഖയാണ്. കേരളത്തില്‍ ക്രിസ്തുവര്‍ഷം എട്ടാം നൂറ്റാണ്ടു മുതല്‍ ബുദ്ധമതക്കാരെ (അവര്‍ണ്ണര്‍ അഥവ ഈഴവര്‍/വിശ്വകര്‍മ്മജര്‍/മുക്കുവര്‍) കൊല്ലുക എന്നത് നായന്മാരുടെ (ശൂദ്രന്മാരുടെ) ഒരു ദിനചര്യയായിരുന്നല്ലോ. ബ്രാഹ്മണര്‍ മനസ്സില്‍ കുത്തി നിറച്ചുകൊടുത്ത അയിത്താചാരത്തിന്റെ മറവില്‍/പ്രേരണയില്‍ ഈ നരാധമ പ്രവൃത്തി നായന്മാര്‍ നിസങ്കോചം ചെയ്തിരുന്നു എന്ന് എത്രയോ ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.(ലോഗന്‍, സൊണറാട്ട്, ബുക്കാനാന്‍...). നായന്മാര്‍ ഈഴവരുടെ തല വെട്ടുമ്പോള്‍, നായര്‍ സ്ത്രീകളെക്കൊണ്ട് തല ഉരലിലിട്ട് ഇടിപ്പിച്ച് ഭദ്രകാളിക്ക് നിവേദ്യമായി സമര്‍പ്പിക്കാന്‍ മന്ത്ര-തന്ത്രവാദികളായ ബ്രാഹ്മണ്യം വളരെ വിദഗ്ദമായി ആസൂത്രണം ചെയ്ത ആരാധനാ ക്രമത്തിന്റെ പ്രതീകാത്മക രൂപാന്തരമായെ “പൊങ്ങിലിടിയെ” കാണാനാകു. കേരളത്തെ ഭ്രാന്താലയമാക്കാന്‍ ഉത്സാഹിച്ച പൌരോഹിത്യത്തിന്റെ ക്രൂരതയുടെ ചരിത്രം രേഖപ്പെടുത്തിയ ഒരു ദുരാചരമായി മാത്രമല്ല, നമ്മുടെ നശിപ്പിക്കപ്പെട്ട ശരിയായ ചരിത്രത്തിന്റെ തിരുശേഷിപ്പയും പൊങ്ങിലടിയെ കാണേണ്ടിയിരിക്കുന്നു.